Pic. Credit blivenews.com |
സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. നടുവേദന, കൈയ്‌ക്കും കാലിനും വേദന, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ്. അതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചേ മതിയാകൂ...
കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍...
നല്ല പ്രകാശമുള്ള മുറിയില്‍ വെച്ചേ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന് നിശ്‌ചിത അകലം പാലിക്കുകയും ഡിസ്‌പ്‌ളേയ്‌ക്ക് ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ് ഉപയോഗിക്കുകയും ചെയ്യണം. ലാപ്‌ടോപ്പുകള്‍ക്കും മറ്റും ഇതിന്റെ ആവശ്യമില്ല. ഓരോ മണിക്കൂര്‍ കൂടുമ്പോഴും കണ്ണുകള്‍ രണ്ടുതവണവീതം അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക. കൈവിരലുകള്‍ ഉപയോഗിച്ചു മൃദുവായി കണ്‍പോളയില്‍ തടവുക. ഈ വ്യായാമം ചെയ്യുന്നതിലൂടെ തുടര്‍ച്ചയായി കംപ്യൂട്ടര്‍ നോക്കുന്നതുമൂലമുള്ള അസ്വസ്‌ഥതകളും തലവേദനയും മാറും. കൂടുതല്‍ സമയം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കുന്നതു വഴി കണ്ണുകളുടെ സമ്മര്‍ദം കുറയും. ഗ്‌ളോക്കോമ പോലെയുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും. തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ ഇടയ്‌ക്ക് മോണിറ്ററില്‍നിന്ന് കണ്ണ് മാറ്റിയശേഷം കൃഷ്‌ണമണി വശങ്ങളിലേക്ക് കറക്കുന്നത് നല്ലതാണ്. ഇടയ്‌ക്ക് തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയും വേണം.
നടുവേദനയും കഴുത്തുവേദനയും ഉണ്ടാകാതിരിക്കാന്‍...
നട്ടെല്ല് നിവര്‍ന്നുവേണം കംപ്യൂട്ടറിനു മുന്നിലിരിക്കാന്‍. 100- 110 ഡിഗ്രി കോണില്‍ കസേര ക്രമീകരിക്കുന്നതാണ് ഉത്തമം. കഴുത്ത് നിവര്‍ത്തി താടി അല്‍പം ഉള്ളിലേക്ക് വരത്തക്ക രീതിയിലായിരിക്കണം കസേരയില്‍ ഇരിക്കാന്‍. കംപ്യൂട്ടര്‍ സ്‌ക്രീന്‍ കഴുത്തിന് അല്‌പം താഴെയായി വരണം. ചാരിയിരിക്കുന്ന ഭാഗം നിവര്‍ന്നിരിക്കണം. തോളുകള്‍ കസേരയില്‍ നന്നായി ചേര്‍ത്തുവയ്‌ക്കാന്‍ ശ്രദ്ധിക്കണം. കൈമുട്ട് കൈത്താങ്ങുള്ള കസേരയില്‍ ഊന്നിയിരിക്കുന്നത് കഴുത്തിന്റെയും നടുവിന്റെയും ആയാസം കുറയ്‌ക്കാന്‍ സഹായിക്കും. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ അല്‍പ്പസമയം നടക്കുന്നത് നല്ലതാണ്.
കൈകള്‍ക്ക് വേദന വരാതിരിക്കാന്‍...
കീബോര്‍ഡിനോട് ചേര്‍ന്നിരിക്കുക. ശരീരത്തിന്റെ മധ്യഭാഗത്തായി കീബോര്‍ഡ് വരത്തക്ക രീതിയില്‍ ഇരിക്കുക. കീബോര്‍ഡ് ചുമലുകള്‍ക്ക് ആയാസം ഉണ്ടാകുന്ന ഉയരത്തില്‍ വയ്‌ക്കരുത്. ഒട്ടും ആയാസമില്ലാതെ വിരലുകള്‍ മാത്രം കീബോര്‍ഡില്‍ സ്‌പര്‍ശിക്കത്തക്ക വിധം വേണം കൈ വയ്‌ക്കാന്‍. കൈമുട്ടുകള്‍ അല്‌പം തുറന്ന രീതിയിലും കൈപ്പത്തിയും മണിബന്ധവും നിവര്‍ന്നുമിരിക്കണം. കീബോര്‍ഡില്‍ ബലം കൊടുത്ത് ടൈപ്പ് ചെയ്യാതെ രണ്ട് കൈയും ഉപയോഗിച്ച് ടൈപ്പ് ചെയ്യണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്‌ക്കാനാകും.
Source: blivenews
നന്ദി പി.വി.സാര്‍.
ReplyDeleteആശംസകളോടെ