ആരാണ് ഭാഗ്യവാന്‍ ? (Who Is A Blessed Man?)


ആരാണ് ഭാഗ്യവാന്‍ ? (Who Is A Blessed Man?)

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.    (സങ്കീര്‍ത്തനം 1: 1-2)                                         
"ഭാഗ്യവാന്‍ " എന്ന വാക്കിനു മാനുഷിക ദൃഷ്ടിയില്‍  ഈ ഭൂമിയില്‍ പല പര്യായങ്ങളും നല്‍കാന്‍ കഴിയും.   ധനം, മാനം, പദവി, പ്രസിദ്ധി ഇങ്ങനെ ആ പട്ടിക യില്‍  പലതും കടന്നു വരാം.   എന്നാല്‍ തിരുവചനം വളരെ വ്യക്തമായ ഭാഷയില്‍ അടിവരയിട്ടു പറയുന്നു മേല്‍പ്പറഞ്ഞ ലിസ്റ്റില്‍ ഉള്‍പ്പെട്ടതൊന്നും അല്ല ഒരുവനെ ഭാഗ്യവാന്‍ ആക്കുന്നത്.   

സ്ഥാന മാനാധികള്‍ക്ക് പിന്നാലെ ഓടിയവര്‍ ഓടിത്തളര്‍ന്നു എവിടെ അവസാനിക്കുന്നു എന്ന്  നമുക്കറിയാം, നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ ദിനം തോറും വാര്‍ത്താ മാധ്യമങ്ങളില്‍ക്കൂടിയും നേരിട്ടും നാം കണ്ടു കൊണ്ടിരിക്കുന്നു.

ധനവും മാനവും വര്‍ധിപ്പിക്കാനുള്ള വെമ്പലില്‍ നിലം പരിചായവര്‍ അനേകര്‍ ഇന്ന് ജയില്‍ അഴികള്‍ എണ്ണിക്കഴിയുന്നു എന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്. തങ്ങള്‍ക്കുണ്ടായിരുന്നവയില്‍ തൃപ്തിപ്പെട്ടു മുന്നോട്ടു പോയിരുന്നെങ്കില്‍ അവര്‍ ഇന്നും രാജ പദവിയില്‍ തന്നെ കഴിയുമായിരുന്നു, പക്ഷെ അവരുടെ ധനമോഹം അവരെ ജയിലഴികള്‍ക്ക്‌ പിന്നിലേക്ക്‌ വലിച്ചിഴച്ചു.  ഇതു നാം ഇന്ന് നമുക്ക് മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നവ.

എന്നാല്‍ തിരുവചനത്തില്‍ പരിശുദ്ധാത്മാവു രേഖപ്പെടുത്തി തന്നിരിക്കുന്ന ഇത്തരം നിരവധി ചരിത്രങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയും.  സൃഷ്ടിയുടെ ആരംഭം മുതല്‍ പുതിയ നിയമ കാലം വരെയുള്ള  അത്തരം ചരിത്രങ്ങള്‍ നമുക്ക് മുന്‍പില്‍ ലഭ്യമാണ്, പക്ഷെ ഇത്തരം മുന്നറിയുപ്പുകളെ ത്രിണവല്‍ഗണിച്ചു കൊണ്ടുള്ള നീക്കം അങ്ങനെയുള്ളവരെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളത് നാം ഓര്‍ക്കേണ്ടതുണ്ട്.  ഇത്രയധികം  അപകടം നിറഞ്ഞ  ഒരു പാതയിലൂടെ യാണ് അതിനെ കരസ്ഥമാക്കുവാന്‍ പാടുപെടുന്നതെന്നുള്ള സത്യം വിസ്മരിച്ചു കൊണ്ടവര്‍ ആ ഓട്ടം തുടരുന്നു, അതിന്റെ ആക്കം വര്‍ദ്ധിപ്പിക്കാന്‍ ചെയ്യണ്ടാതെല്ലാം അവര്‍ ചെയ്തു കൂട്ടുന്നു, ഒപ്പം തങ്ങളുടെ ഓട്ടത്തിന്  വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  കെണിയില്‍ അകപ്പെടാന്‍ ഓടുന്ന മാന്‍ കുട്ടിയെപ്പോലെ അവര്‍ ഓടുന്നു ഒടുവില്‍ കുരുക്കില്‍ അകപ്പെടുകയും ചെയ്യുന്നു.

അടുത്തിടെ ഒരു പരസ്യ വാര്‍ത്ത ശ്രദ്ധിക്കുകയുണ്ടായി.  ഒരു ലോട്ടറി പരസ്യം, ഒരു പ്രസിദ്ധ ചലച്ചിത്ര നടന്‍ വളരെ കൌതുക മേറിയതും,ആകര്‍ഷകവുമായ ഭാഷയില്‍ ആ പരസ്യം അവതരിപ്പിച്ചു "കോടികളുമായി ഇതാ ഭാഗ്യ ദേവത നിങ്ങള്‍ക്ക് മുന്നില്‍, ഈ ഓണ നാളില്‍ അഞ്ചു കോടിയുമായി എത്തുന്നു നമുക്ക് അടിച്ചുപൊളിക്കാം"

 
തങ്ങളുടെ പ്രിയ താരം പറയുന്നതല്ലേ ലോട്ടറിയില്‍ വിശ്വാസം ഇല്ലാത്തവരും താരത്തിന്റെ വാഗ്മയത്തില്‍ മയങ്ങി ലോട്ടറി ടിക്കറ്റുകള്‍ എടുത്തു കൂട്ടുന്നു ഭഗ്യവാനാകാന്‍ .  പെട്ടന്ന് എന്റെ ഓര്‍മയില്‍ എത്തിയത്  ഒരു ബാലസംഘം മീറ്റിങ്ങില്‍  നമ്മുടെ  T K ശമുവേല്‍ സാര്‍ പഠിപ്പിച്ച ഒരു പാട്ടിന്റെ വരികളാണ് 

ജെബ്സേ പ്യാരാ യിശു ആയ എന്ന പ്രസിദ്ധ ഹിന്ദി ഗാനത്തിന്റെ രീതിയില്‍ പാടുന്ന ഒരു ഗാനം

"ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗം
പാരിലാര്‍ക്കും ക്രിസ്തുമാര്‍ഗം
ക്രിസ്തുവില്‍ വിശ്വസിച്ചീടുമെങ്കില്‍
നിത്യഭാഗ്യ ജീവനേകും."

സ്വത്തു ഭൂവിലെത്രയേറെ  കിട്ടിയാലും
മൃത്യുനേരം വിട്ടു വേഗം യാത്രയാകും
നിത്യമാം സ്വത്തുക്കള്‍ നല്കിടുവാന്‍
ആസ്തിയുള്ളോന്‍ ക്രിസ്തു മാത്രം  --
.....
സ്വര്‍ഗ്ഗ രാജ്യ വാഴ്ച്ചയാകും ഭാവികാലം
ഭാഗ്യപൂര്‍ണരായി മേവും തന്റെ മക്കള്‍

ക്രിസ്തനെ ഗണ്യമാക്കാത്തവര്‍ക്കോ
നിത്യ നാശം എത്ര ക്ലേശം...
     
ഇത്ര വലിയ ഭാഗ്യം, നിത്യ ഭാഗ്യം അവഗണിച്ചു കൊണ്ടാണല്ലോ ദൈവമേ ഇവര്‍ നിത്യ നാശത്തിലേക്കെ  ഓടുന്നത്  എന്നു ചിന്തിച്ചപ്പോള്‍ ദുഖം തോന്നി.   
ചുരുക്കത്തില്‍ ഭാഗ്യം തേടി മാനവജാതി  നെട്ടോട്ടം ഓടുകയാണ് , ലക്ഷ്യത്തില്‍  എത്താന്‍ അതിനായി ഏതു കുറുക്കു വഴിയും സ്വീകരിപ്പാന്‍ അവന്‍ സന്നദ്ധ നാകുന്നു. 
കേവലം ചുരുക്കം നാളത്തെ ഈ ലോക വാസത്തിനായി സമൃദ്ധിയുടെ വേരുകള്‍ തേടി മനുഷ്യര്‍ തങ്ങളുടെ യാത്ര തുടരുകയാണ്.  ക്രൈസ്തവ ഗോളത്തിലും  ഇത്തരക്കാരെ ആകര്‍ഷിക്കുവാന്‍ ഒരു കൂട്ടര്‍ "സമൃദ്ധിയുടെ സുവിശേഷം" എന്ന ഓമനപ്പേരില്‍  മറ്റൊരു സുവിശേഷവുമായി വേദിയില്‍ ഉണ്ട്.
ഏതായാലും ഈ ഭാഗ്യവാനാകുവാനുള്ള തത്രപ്പാടില്‍ അപകടത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ തിരുവചനം ചില മുന്നറിയിപ്പുകള്‍ വളരെ ലളിതമായ വാക്കുകളില്‍ നമുക്ക് നല്‍കിയിട്ടുണ്ട് അതേപ്പറ്റി അല്‍പ്പം ചിന്തിക്കാം എന്നു താല്‍പ്പര്യപ്പെടുന്നു.

വിശ്വാസികള്‍ ഈ ലോകത്തിനുള്ളവരല്ലെന്നും  അവരുടെ രാജ്യം സ്വര്‍ഗ്ഗ കനാന്‍ ആണെന്നും മറ്റും സധൈര്യം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിശ്വാസ സമൂഹം പോലും ഇവിടെ അസ്തപ്രജ്ജരായി നോക്കി നില്‍ക്കുകയും ഈ ലോക ജനങ്ങള്‍ക്കൊപ്പം ഓടാന്‍ തത്രപ്പെടുകയും, അതിനുള്ള വിവിധ തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന  കാഴ്ച വളരെ ദയനീയം തന്നെ.

ലോക മര്‍ത്ത്യര്‍ക്കു ലഭിക്കാത്ത പ്രത്യേക  പ്രകാശം ലഭിച്ചവര്‍ തന്നെ വിശ്വാസ സമൂഹം, അതില്‍ രണ്ടു പക്ഷമില്ല, പക്ഷെ, പലപ്പോഴും അവരുടെ പ്രവര്‍ത്തികളും, സംഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും.  ലോക മര്‍ത്യര്‍ ഇതില്‍ എത്രയോ ഭേദം എന്നു തോന്നിപ്പോകും.  ലോക മര്‍ത്യര്‍ പോലും ഏര്‍പ്പെടാന്‍ മടിക്കുന്ന തരം കുതത്രങ്ങളില്‍പ്പോലും  ഒരു കൈ നോക്കാന്‍ ശ്രമിക്കുന്നവര്‍.


ഇതെത്ര ലജ്ജാകരം!!!


"ധനമോഹം  സകലവിധ ദോഷത്തിന്നും മൂലമല്ലോ ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു."  എന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട്  അവര്‍ അക്ഷീണം അത് കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു, ഒപ്പം മറ്റുള്ളവരെ അതിലേക്കു വലിച്ചിഴക്കുകയും ചെയ്യുന്നു.


ഭാഗ്യവാന്മാര്‍   ആകുവാന്‍ ബെദ്ധപ്പെട്ടോടുന്ന പ്രീയപ്പെട്ട സഹോദരാ, സഹോദരി,  തിരുവചനത്തിലേക്കു  നമുക്ക് ഒരിക്കല്‍ ക്കൂടി  നോക്കാം, അതീവ ശ്രദ്ധയോടെ അത് പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന പല യാഥാര്‍ധ്യങ്ങളും കണ്ടെത്താന്‍ കഴിയും.  ഇപ്പോള്‍ തങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പാത  അപകടമേറിയതെന്നു   വളരെ വ്യക്തമായ ഭാഷയില്‍ അത്  മുന്നറിയിപ്പ് നല്‍കുന്നു.  ഇതു മോഹിച്ചു    ദുരിതത്തിലായവരുടെ ഒരു വലിയ പട്ടിക തന്നെ നമുക്ക് തിരുവചനത്തിലൂടെ ലഭിക്കുന്നു.

പൗലോസ്‌ അപ്പോസ്തലന്‍ ഇതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന  അപകടത്തെപ്പറ്റി   വളരെ വ്യക്തമായ ഭാഷയില്‍ തിമൊഥയോസിനു എഴുതിയ ലേഖനത്തില്‍ പ്രതിപാദിക്കുന്നു. 1 തിമൊ 6: 7-10 വരെയുള്ള വാക്യങ്ങളില്‍ പറയുന്നത്  ശ്രദ്ധിക്കുക.


അതിന്റെ പിന്നാലെ ഓടിയാലുള്ള വിപത്തിനെ ക്കുറിച്ചുള്ള അപകട സൂചനകള്‍ നല്‍കിയ ശേഷം  തിമൊഥെയൊസിനെ സംബോധന ചെയ്തുകൊണ്ട് എഴുതുന്നത്  ശ്രദ്ധിക്കുക.  നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.(വാക്യം 11).

ഇവിടെ  അപ്പോസ്തലന്‍ തിമൊഥെയൊസിനെ സംബോധന ചെയ്യന്നത് പ്രത്യേകം ശ്രദ്ധിക്കുക.  "നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ"   എന്നാണ്
ഇതില്‍ നിന്നും നമുക്ക് ന്യായമായും ചിന്തിക്കാന്‍ കഴിയുന്നത്‌ എന്താണ് ?  
തീര്‍ച്ചയായും ദൈവ മനുഷ്യനായ
തിമൊഥെയൊസിനും അത്തരം വിപത്തില്‍ അല്ലെങ്കില്‍ കെണിയില്‍ അകപ്പെടാന്‍ സാദ്ധ്യതകള്‍ ഉണ്ടന്നല്ലേ?  അതെ, തീര്‍ച്ചയായും അതിനുള്ള സാദ്ധ്യതകള്‍ വളരെയാണ്.  


അതുപോലെ നാമും ദൈവീക കാര്യങ്ങളില്‍ എല്ലാം തന്നെ വളരെ തീഷ്ണതയോടെ മുമ്പോട്ട്‌ പോകുന്നവരാണെന്നതിനു ഒരു സംശയവുമില്ല. പൗലോസ്‌ തിമൊഥെയൊസിനെ വിളിച്ചത് പോലെ ആ വിളിക്ക് തീര്‍ച്ചയായും യോഗ്യരുമത്രെ നാം എന്നതിനും  രണ്ടു പക്ഷമില്ല.  എന്നാല്‍ നാമും ഈ വലിയ കെണിയില്‍ അകപ്പെടാന്‍ വളരെ വളരെ സാദ്ധ്യതകള്‍ ഉണ്ട് എന്നതിനും രണ്ടു പക്ഷമില്ല.

നാം ഇവിടെ കൂടുതല്‍ ജാഗരൂകര്‍ ആകേണ്ടതുണ്ട്.


അപ്പോസ്തലെന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. 


"അതു വിട്ടോടി"
അതു വിട്ടു കളക എന്നല്ല, വിട്ടു 'ഓടുക' എന്നത്രേ താന്‍ പറയുന്നത്, അതിന്റെ തീവ്രത എന്ത് എന്നു നമുക്ക് ഊഹിക്കാമല്ലോ.

നമുക്കിങ്ങനെ ചിന്തിക്കാം, വിട്ടു കളഞ്ഞു എന്നിരിക്കട്ടെ പിന്നെ നാം അവിടെത്തന്നെ നില്‍ക്കുന്നു എന്നിരിക്കട്ടെ തീര്‍ച്ചയായും അതു പിന്നെയും നമ്മിലേക്ക്‌ കടന്നു വരുവാന്‍ സാധ്യത വളരെയാണ്.ഒരു പക്ഷെ അതായിരിക്കാം അപ്പോസ്തലന്‍ വിട്ടു ഓടുവാന്‍ പറഞ്ഞതിന്റെ പൊരുള്‍.  അതു തന്നിലേക്ക് ഒട്ടും തന്നേ കടന്നു വരാതിരിക്കാന്‍ അതിനെ വിട്ടോടുക എന്നര്‍ത്ഥം.


തന്നെയുമല്ല അതു വീണ്ടും നമ്മെ കീഴ്പ്പെടുത്താതിരിക്കാന്‍ താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒപ്പം നല്‍കുന്നു.  ശ്രദ്ധിക്കുക വാക്യം പതിനൊന്നിന്റെ അവസാന ഭാഗം.  "അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക."


പിന്തുടരേണ്ട ചില പ്രധാന കാര്യങ്ങള്‍:
നീതി,  ഭക്തി, വിശ്വാസം, സ്നേഹം,
ക്ഷമ, സൌമ്യത
തുടങ്ങിയവ പിന്തുടരാനത്രേ താനിവിടെ പ്രബോധിപ്പിക്കുന്നത് .
ഇതോടു ചേര്‍ന്ന്   തിമൊഥെയൊസിന്നു എഴുതിയ രണ്ടാം ലേഖനം  രണ്ടാം അദ്ധ്യായം  വാക്യം 22 വായിക്കുകുന്നത്  നന്നായിരിക്കും. "യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക."

വിട്ടോടെണ്ടതും ഒഴിഞ്ഞിരിക്കേണ്ടതുമായ  മറ്റൊന്നത്രേ "ബുദ്ധിയില്ലാത്ത മൌഢ്യതർക്കം" ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ  വെറുതെ തര്‍ക്കിക്കുന്നതില്‍ നല്ല വീറാണ്, അര്‍ത്ഥമില്ലാത്ത ഒന്നില്‍ പിടിച്ചു തൂങ്ങി അവര്‍ തര്‍ക്കം സൃഷ്ടിക്കുന്നു, ഒടുവില്‍ അത് കലാപത്തില്‍ കലാശിക്കുന്നു. തിരുവചനം ഇതു വ്യക്തമാക്കുകയും ചെയ്യുന്നു,  വാക്യം 23 ശ്രദ്ധിക്കുക "ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക."


ഒരു ഇംഗ്ലീഷ്  വിവര്‍ത്തനത്തില്‍  അത് കുറേക്കൂടി വ്യക്തമായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

 
"But refuse foolish and ignorant speculations, knowing that they produce quarrels."
KJV യില്‍ ഇപ്രകാരമത്രെ അത് രേഖപ്പെടുത്തിയിരിക്കുന്നത്  "But foolish and unlearned questions"
ഇതോടു  ചേര്‍ന്ന് മറ്റൊരു  ഭാഗം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും  രണ്ടാം അദ്ധ്യായം 16 അം വാക്യം.

"ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;"ഇതോടു ബന്ധപ്പെട്ടു ഒരു കാര്യം കൂടി സൂചിപ്പിക്കുന്നത് ഉത്തമം ആകും എന്ന് കരുതുന്നു.   ചിലര്‍ക്ക്, വിശേഷിച്ചും ചില സഹോദരങ്ങള്‍ക്ക്‌ തമ്മില്‍ കാണുമ്പോള്‍ ഇപ്പോഴും ഒന്ന് മാത്രമേ പറയാനുള്ളൂ തങ്ങളുടെ ബിസ്സന്‍സ്സ് , ജോലി, തുടങ്ങിയവയില്‍ തങ്ങള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ നേട്ടങ്ങള്‍ തുടങ്ങിയവ വാ തോരാതെ പറയുക. ചിലപ്പോള്‍ തോന്നും ഇതും അവരുടെ തൊഴിലിന്റെ ഒരു ഭാഗമോ എന്ന്.

ഈ ഭൂമിയില്‍ നേടിയതൊന്നും ഒരു നേട്ടമേ അല്ല എന്നുള്ള സത്യം മറന്നു കൊണ്ടിവര്‍ സംഭാഷണം തുടരുന്നത് കേട്ടാല്‍ ദുഃഖം തോന്നും.  
 
ഞാന്‍ എന്റെ വിഷയം വിട്ടു പോവുകയാണോ എന്നു നിങ്ങള്‍ക്ക് തോന്നാം, എന്നാല്‍ ചുരുക്കത്തില്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ അവര്‍ തങ്ങള്‍ക്കും സഹജീവികള്‍ക്കും ദുരിതം വരുത്തി വെക്കുക മാത്രമത്രേ ചെയ്യുന്നത്,  ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങള്‍ ക്രിസ്തുവിന്റെ പിന്‍ഗാമികള്‍ എന്നു സ്വയം പറഞ്ഞാല്‍പ്പോലും തീര്‍ച്ചയായും ഇവരെ ഭാഗ്യവാന്മാരുടെ പട്ടികയില്‍ ദൈവം ഒരിക്കലും ഉള്‍പ്പെടു ഉള്‍പ്പെടുത്തുകയില്ല.   ഒരു പക്ഷെ ലോക ദൃഷ്ടിയില്‍ ഇക്കൂട്ടര്‍ ആ പട്ടികയില്‍ പെട്ടേക്കാം പക്ഷെ ദൈവ ദൃഷ്ടിയില്‍ ഇത്തരക്കാര്‍ ആ പട്ടികയില്‍ ഇല്ല തന്നെ.


പ്രാരംഭത്തില്‍ സൂചിപ്പിച്ചത് പോലെ  എല്ലാറ്റിലും ഉപരിയായി  "യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ നമുക്ക് രാപ്പകൽ ധ്യാനിക്കാം, അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം. അതത്രേ നമ്മെ ആ ഭാഗ്യവാന്മാരുടെ പട്ടികയിലേക്ക് നയിക്കുന്നതിന്റെ ആദ്യ പടി.  ശ്രദ്ധിക്കുക നമുക്ക് യഹോവയില്‍ മാത്രം ശരണം പ്രാപിക്കാം.  നമ്മുടെ ധനത്തിലോ, വസ്തു വകകളിലോ, പുത്രസമ്പത്തിലോ ശരണം വെക്കാതെ ജീവനുള്ള ദൈവത്തില്‍ മാത്രം ശരണം പ്രാപിക്കാം.

ഇതോടു ചേര്‍ന്ന്  സങ്കീര്‍ത്തനം 2:12 ന്റെ അവസാന ഭാഗവും, 119 ന്റെ ഒന്നും രണ്ടും 41 ന്റെ ഒന്നും രണ്ടും  വാക്യങ്ങളും വായിക്കുക. 

ടി. കെ. സാമുവേല്‍ സാര്‍ പാടിയതു പോലെ, "ക്രിസ്തനെ ഗണ്യമാക്കാത്തവര്‍ക്കോ  നിത്യ നാശം എത്ര ക്ലേശം...

ഇതു ഒരു പക്ഷെ, ക്രിസ്തുവിനെ അറിയാത്തവര്‍ക്കുള്ള നാശത്തെക്കുറിച്ചാണ് താന്‍ പാടിയതെന്ന്  ചിന്തിച്ചേക്കാം എന്നാല്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടും, സ്വീകരിച്ചിട്ടും പിന്നെയും തന്നെ ഗണ്യമാക്കാത്തവരും ഈ പട്ടികയില്‍ തന്നെ എന്നതിന് സംശയം വേണ്ട. 


നമ്മുടെ കര്‍ത്താവു പറഞ്ഞ ചില വാക്കുകള്‍ ഒരിക്കല്‍ കൂടി ഉദ്ധരിച്ചു കൊണ്ട് ഞാന്‍ ഇതിവിടെ അവസാനിപ്പിക്കാം 
 

"പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്‍മാര്‍  തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വഗ്ഗത്തി നിക്ഷേപം സ്വരൂപിച്ചുകൊവി.  നിന്റെ  നിക്ഷേപം ഉള്ളേടത്തു നിന്റെഹൃദയവും ഇരിക്കും. (മത്തായി 6:19-21)

നമുക്ക് നമ്മുടെ ഹൃദയത്തെ അവനായി മാത്രം സമര്‍പ്പിക്കാം.  നമുക്ക് ഈ ഭൂമിയില്‍ ലഭിച്ചിരിക്കുന്ന ചുരുക്കം നാളുകള്‍  അവനു പ്രസാദകരമായവ ചെയ്തു കൊണ്ട്  തിരുവചനം പറയുന്ന ഭാഗ്യവാന്മാരുടെ 
ആ പട്ടികയില്‍ ഇടം നേടാന്‍ ശ്രമിക്കാം.  


അതിനായി ദൈവ ഭക്തിയിലും, വിശ്വാസത്തിലും, സ്നേഹത്തിലും, ക്ഷമയിലും , സൌമ്യതയിലും  നമ്മുടെ ദൈനം ദിന ജീവിത ചര്യകളില്‍  നമുക്ക് ഏര്‍പ്പെടാം.  എങ്കില്‍ മാത്രമേ ഭാഗ്യവാന്മാരുടെ ആ പട്ടികയില്‍ നമുക്കും  ഇടം കണ്ടെത്താന്‍ കഴിയൂ.  കര്‍ത്താവ്‌ അതിനു നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.  അവന്റെ പൊന്നുനാമം എന്നുമെന്നേക്കും വാഴ്ത്ത പ്പെടുമാറാകട്ടെ.  ആമേന്‍.


(ജൂലൈ 22 2011 ല്‍  ഒരു ചെറിയ കൂട്ടം വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്  സംസാരിച്ച ഒരു പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.)          (An unedited message, delivered to a small gathering of  believers on July 22nd 2011).

Pic.Source: sxc.hu

SharePhilip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768