പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം
The original page from Balarama Magazine. Picture Credit. MMPublications
ഞങ്ങളുടെ ഗ്രാമത്തിലെ "ഇറച്ചിവെട്ടി പത്രോ" അഥവാ 'മണ്ടന്‍ പത്രോ' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ കൊടുമുടിയിലേക്കു കുതിച്ചുയര്‍ന്നത്‌.

കേവലം ഒരു ഇറച്ചി വെട്ടുകാരന്‍ മാത്രമായിരുന്ന പത്രോക്ക്   രാജ്യത്തെ പരമോന്നത പദവി വരെ ഉയരാന്‍ ഇടയാക്കിയ മഹാ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.

ആ അത്ഭുത സംഭവം അന്ന് ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇന്നും ആ സംഭവം അജ്ഞാതം തന്നെ.

അവരുടെ അറിവിലേക്കായി  ഞാനതിവിടെ ചുരുക്കമായി കുറിക്കട്ടെ.

ഞങ്ങളുടെ നാട്ടിലെ ഏക ഇറച്ചിക്കടയായ ഉസ്മാന്‍ മുതലാളിയുടെ ഇറച്ചിക്കടയിലെ ഇറച്ചി വെട്ടുകാരനായിരുന്നു നമ്മുടെ കഥാ നായകന്‍ പത്രോ.

പകലന്തിയോളം പണിയെടുത്തു കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് അച്ചനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബം ഒരുവിധം അഹോവൃദ്ധി കഴിഞ്ഞു പോന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം പതിവുപോലെ അതിരാവിലെയുള്ള തന്റെ ഇറച്ചി വെട്ടും കഴിഞ്ഞു  ഇറച്ചിച്ചുമടും (കുട്ട) തലയിലേറ്റി  കടയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ പെട്ടന്നായിരുന്നു അത് സംഭവിച്ചത്.

ആകാശത്ത്  വട്ടമിട്ടു പറന്നിരുന്ന ഒരു വമ്പെന്‍ പരുന്തു താണു വന്ന്  ഇറച്ചിക്കുട്ടയില്‍ നിന്നും സാമാന്യം വലുപ്പമുള്ള ഒരു ഇറച്ചിക്കഴണം  കൊത്തിയെടുത്തു പറന്നുയര്‍ന്നു.

ഒട്ടും വൈകാതെ പത്രോ ഇറച്ചിക്കുട്ട താഴെ വെച്ച്  കുട്ടയില്‍ നിന്നും കത്തിയെടുത്ത്  പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തിനെ ലക്ഷ്യമാക്കി ഒറ്റയേറ്.

പത്രോയുടെ ലക്‌ഷ്യം ഒട്ടും പിഴച്ചില്ല, പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തു അതേ വേഗത്തില്‍ കറങ്ങി കറങ്ങി ഇറച്ചിക്കഷ ണവുമായി  താഴേക്ക് വീണു.

ഈ അത്ഭുത സംഭവം കേട്ടറിഞ്ഞ ജനം നാല് ദിക്കില്‍ നിന്നും ഓടിക്കൂടി.

പത്രോ പരുന്തിനെ വെട്ടി വീഴ്ത്തിയ വാര്‍ത്ത നാടെങ്ങും വായൂ വേഗത്തില്‍ പറന്നു.

വാര്‍ത്ത മണത്തറിഞ്ഞ പത്രക്കാരും തങ്ങളുടെ പടപ്പെട്ടികളുമായി  പാഞ്ഞെത്തി പത്രോയുടെയും പരുന്തിന്റെയും പടം വിവിധ ആംഗിളുകളില്‍ തങ്ങളുടെ പടപ്പെട്ടിയിലെ അഭ്ര പാളികളില്‍  പകര്‍ത്തി.

അടുത്ത ദിവസത്തെ എല്ലാ പത്രങ്ങളിലും പത്രോയും പരുന്തും നിറഞ്ഞു നിന്നു.  പത്രക്കാര്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത ഗംഭീരം ആക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.

പത്രക്കാര്‍ക്ക് പുറകെ വാരികക്കാരും മഞ്ഞപ്പത്രക്കാരും പത്രോയുടെ പരുന്തു വീഴ്ത്തല്‍ കഥ തുടര്‍ക്കഥയാക്കി മാറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഏതായാലും നാളുകള്‍ കഴിഞ്ഞതോടെ പത്രോ നാടെങ്ങും പ്രസിദ്ധനായി.

പത്രോയെ കാണാന്‍ ദേശത്തും വിദേശത്തുമുള്ളവര്‍ ഞങ്ങളുടെ നാട്ടിലേക്ക് ഒഴുകിത്തുടങ്ങി.

വെറുമൊരു നാട്ടിന്‍പുറം മാത്രമായിരുന്ന ഞങ്ങളുടെ നാട്  ഒരു ചെറു പട്ടണത്തിന്റെ പ്രതീതി സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ.

പത്രോയെ കാണാന്‍ വന്നവര്‍ ഉസ്മാന്റെ കടക്കു ചുറ്റും തടിച്ചു കൂടി

കാഴ്ചക്കാരുടെ തിക്കും തിരക്കും തന്റെ ജോലിക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും നല്ലവനായ ഉസ്‌മാന്‍ മുതലാളിയുടെ സഹകരണത്തില്‍ പത്രോ തികച്ചും സന്തുഷ്ടനായി കാണപ്പെട്ടു.

കാഴ്ചക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പത്രോ തന്റെ കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്നെ ഉത്തരങ്ങള്‍ കൊടുത്തു കൊണ്ടേ യിരുന്നു.

പത്രോയെ കാണാന്‍ വരുന്നവരുടെ തിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.

Pic. Credit: Malayala manorama publications
ചുരുക്കത്തില്‍ ഞങ്ങളുടെ നാടൊരു കൊച്ചു പട്ടണമായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ!

നാളുകള്‍ പലതു കടന്നു പോയിയെങ്കിലും പത്രോയും പരുന്തു വീഴ്ത്തല്‍ സംഭവവും ഒരു പാട്ടായി തന്നെ തുടര്‍ന്ന്.

തലസ്ഥാന നഗരിയില്‍ പത്രോ ഒരു ചൂടന്‍ വിഷയമായി നിറഞ്ഞു നിന്നു.  വിവിധ തലങ്ങളില്‍ തന്നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു.

ഒടുവില്‍ അടുത്ത് വരുന്ന  സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പത്രോക്ക് കീര്‍ത്തി മുദ്രയും ഫലകവും നല്‍കി ബഹുമാനിക്കുവാന്‍ മന്ത്രി സഭ ഐക്യകണ്ടമായി  തീരുമാനിച്ച വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നു.

എന്തിനധികം 'പൊതുജനം കഴുതയെന്ന ചൊല്ല്  പത്രോയുടെ കാര്യത്തിലും പ്രാവര്‍ത്തികമായി.

പത്രോയെ ഭരണ പക്ഷവും പ്രതിപക്ഷവും, മറ്റു ചെറു പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയിലേക്ക്  ചേരുവാന്‍ ആഹ്വാനം ചെയ്തു.

ചുരുക്കത്തില്‍ പത്രോ അവരുടെ എല്ലാം പ്രീതി ഒരുപോലെ പിടിച്ചു പറ്റി അവരുടെ എല്ലാവരുടെയും എതിര്‍പ്പില്ലാത്ത പ്രതിനിധി ആയി മാറി.

നാളുകള്‍, മാസങ്ങള്‍ കടന്നു പോയി ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഒടുവില്‍ പത്രോ മന്ത്രിയായി എതിര്‍പ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മാസങ്ങള്‍ കടന്നു പോയതോടെ പത്രോയെ അവര്‍ മന്ത്രി മുഖ്യനായി പ്രഖ്യാപിച്ചു.

കുറെ നാള്‍ പത്രോ തന്റെ ഭരണം തുടര്‍ന്ന്.  എല്ലാവര്‍ക്കും സംതൃപ്തനായ ഒരു ഭരണാധികാരിയായി മാറി പത്രോ.

പക്ഷെ അവിടം കൊണ്ടും തീരുന്നില്ല പത്രോയുടെ കഥ.

സത്യ സന്ധത മാത്രം കൈമുതലായുള്ള പത്രോക്ക് തന്റെ ശനിദശ തുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

പാര്‍ട്ടികള്‍ക്കുള്ളിലെ    കള്ളക്കളികളുടെ ഉള്ളു തിരിച്ചറിയാന്‍ പത്രോക്ക് വേഗം കഴിഞ്ഞു. നാളുകള്‍ ചെല്ലുംതോറും പത്രോ അതി ദുഖിതനായി കാണപ്പെട്ടു.

ഇറച്ചി വെട്ടും, സത്യ സന്ധതയും  മാത്രം അറിയാവുന്ന പത്രോക്ക്  തന്റെ പുതിയ പ്രവൃത്തിപദം തികച്ചും അരോചകമായി അനുഭവപ്പെട്ടു.

തന്നേപ്പോലെ ഒരുവന് പറ്റിയ പണിയല്ല ഇതെന്ന് തിരിച്ചറിവാന്‍ പത്രോക്ക് അധിക നാള്‍ വേണ്ടി വന്നില്ല.

ഒരു സാധാരണ ജീവിതം നയിച്ചു കൊണ്ടിരുന്ന  തനിക്കു  നാള്‍ തോറും അരങ്ങേറിക്കൊണ്ടിരിക്കുന്ന അഴിമതിയും, അക്രമവും, കുതികാല്‍ വെട്ടും, കാലു വാരലും ഒരു തലവേദന യായി മാറി.

കൊലയും കൊള്ളി വയ്പ്പും ജനപ്രതി നിധികള്‍ എന്ന് പറയുന്നവരുടെ പിന്തുണയോടെ അരങ്ങേറുന്നത് കണ്ടു പത്രോ അന്തം വിട്ടു നിന്ന് പോയി.

ഒടുവില്‍ തനിക്കീ പണി ഒട്ടും യോജിച്ചതല്ലന്നു തിരിച്ചറിഞ്ഞ പത്രോ തന്റെ പഴയ പണിയിലേക്ക്‌  തന്നെ മടങ്ങി പ്പോകുവാന്‍ തീരുമാനിക്കുകയും തന്റെ മുഖ്യ മന്ത്രിപ്പദം രാജി വെച്ച്  തന്റെ പഴയ മുതലാളിയുടെ കടയെ ലക്‌ഷ്യം വെച്ച് നടന്നു നീങ്ങി.

ഇതു കണ്ട/കേട്ട പൊതുജനം മൂക്കത്ത് വിരല്‍ വെച്ചെങ്കിലും പിന്നീട് പത്രോയെടുത്ത ശ്രേഷ്ഠമായ തീരുമാനത്തെ അല്ലെങ്കില്‍ പത്രോയുടെ മാനസാന്തരത്തെ പൊതുജനം എന്ന കഴുതകള്‍ വാനോളം പുകഴ്ത്തി.

എന്തായാലും പുതു തലമുറയ്ക്ക് അന്ന്യം നിന്നു പോയ പത്രോ എന്നും ഒരു ഓര്‍മ്മയായി അവശേഷിക്കും എന്നതിന് സംശയം ഇല്ല.
                                                             
വളഞ്ഞവട്ടം  ഏരിയല്‍ ഫിലിപ്പ്

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബാലരമ മാസികയില്‍ ഞാന്‍ എഴുതിയ "പരുന്തു വെട്ടി" എന്ന മിനി കഥ യില്‍ അല്പം ചില പൊടിപ്പും തൊങ്ങലും വെച്ചെഴുതിയ ഒരു കഥ. നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.)

ഈ കഥ അടുത്തിടെ സീയെല്ലസ് പ്രസിദ്ധീകരിച്ച ഭാവന്തരങ്ങൾ എന്ന കഥാ സമാഹാരത്തിൽ ചേർത്തിരിക്കുന്നു അതേപ്പറ്റി എഴുതിയ ഒരു കുറിപ്പ് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക:

"പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം 'ഭാവാന്തരങ്ങൾ' എന്ന    "ബ്ളോഗ് കഥാ സമാഹാരത്തിൽപുസ്തകത്തിൻറെ പുറം ചട്ടയും അകത്താളുകളും 
Source: Malayala Manorama, Kottayam, CLS, Thaliparamba, Kanoor.


web counter
web counter
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768